ധർമസ്ഥലയിൽ നാലാം ദിവസവും നടന്ന തിരച്ചിലിൽ സാക്ഷി ചൂണ്ടിക്കാണിച്ച രണ്ട് സ്ഥലങ്ങളിൽ നിന്നും നിർണായകമായ ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ, പുഴക്കരയിൽ നിന്ന് കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ ധർമസ്ഥലയിൽ മുൻപ് മറവ് ചെയ്ത ഏതെങ്കിലും അജ്ഞാത മൃതദേഹത്തിന്റേതാകാമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കേശവ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

1987 മുതൽ ഉള്ള എല്ലാ അസ്വാഭാവിക മരണങ്ങളുടെയും രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രദേശത്ത് നിരവധി ആത്മഹത്യകൾ നടന്നിട്ടുണ്ടെന്നും, അവയിൽ പലതും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇവിടെത്തന്നെ മറവ് ചെയ്തിട്ടുണ്ടെന്നും കേശവ ഗൗഡ വ്യക്തമാക്കി. ഇവയ്‌ക്കെല്ലാം കൃത്യമായ രേഖകളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏഴ്, എട്ട് സ്പോട്ടുകളിൽ ആറടി വരെ താഴ്ചയിൽ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. ലഭിച്ച അസ്ഥിഭാഗങ്ങൾ ബെംഗളൂരു എഫ്എസ്എൽ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം പല്ലിന്റെ കഷ്ണങ്ങളും, ഒന്ന് താടിയെല്ലും, രണ്ടെണ്ണം തുടയെല്ലുമാണ്. ബാക്കിയുള്ളവ പൊട്ടിയ നിലയിലുള്ള അസ്ഥിഭാഗങ്ങളാണ്.

വനഭൂമിയിലെ പരിശോധനയ്ക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിക്കുന്നതിനെക്കുറിച്ച് അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. എന്നാൽ, കല്ലും മണ്ണും പാറക്കെട്ടും നിറഞ്ഞ ഈ ഭൂപ്രകൃതിയിൽ റഡാർ പരിശോധന ഫലപ്രദമായേക്കില്ലെന്നും ഒരു വിലയിരുത്തലുണ്ട്.