രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തിക്കാൻ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ എംപി. താൻ ഓഫീസിലിരുന്നാണ് ജനങ്ങളെ കണ്ടതെന്നും മാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നുവെന്നും ഷാഫി പറഞ്ഞു.
സി.ചന്ദ്രന്റെ വീട്ടിൽ പോയിട്ടില്ലെന്നും യോഗം ചേർന്നു എന്നു പറഞ്ഞ ദിവസം അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. ഇല്ലാത്ത യോഗത്തിൽ, പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്തുവിടുകയാണ് മാധ്യമങ്ങൾ ചെയ്തത്. അതിന്റെ കൃത്യമായ വിശദീകരണം നൽകിയിട്ടും അതു ജനങ്ങളോടു പറയാൻ തയാറാകുന്നില്ല.
രാഹുൽ മണ്ഡലത്തിൽ വരണോ വേണ്ടയോ എന്നത് അയാൾ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് പാർട്ടി നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേട്ടാലറക്കുന്ന തെറിയും ഭീഷണിയുമുണ്ടായപ്പോഴാണ് പ്രതികരിച്ചതെന്ന് വടകരയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷാഫി പറഞ്ഞു.