കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമെന്ന് ലിങ്ക്ഡ് ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്. തൊഴില്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നേറിയെന്നും അടിസ്ഥാന വൈദഗ്ധ്യത്തിനപ്പുറം നൈപുണ്യം കൈവരിക്കേണ്ട കാലമാണ് വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ വളര്‍ച്ചയുണ്ടായെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172 ശതമാനം വളര്‍ച്ച നേടി എന്നും വ്യക്തമാക്കുന്നു. അതേസമയം 2030-ഓടെ അടിസ്ഥാന വൈദഗ്ധ്യം വേണ്ട തൊഴില്‍ മേഖലകളില്‍ 30 ശതമാനം വരെ മാറ്റംവരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

നൈപുണ്യ കേരളം ആഗോള ഉച്ചകോടിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്‌വെര്‍ എന്‍ജിനിയര്‍, അക്കൗണ്ടന്റ്, അധ്യാപനം എന്നീ മേഖലകളിലാണ്. കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30 ശതമാനമാണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും ഗള്‍ഫ് മേഖലകളില്‍ നിന്ന് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. യുഎഇയില്‍ നിന്നുമാത്രം 52 ശതമാനം പേര്‍ തിരിച്ചെത്തി. ബിസിനസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ ജോലിയെടുത്ത് പരിചയമുള്ളവരാണ് ഇവര്‍. കേരള ഡിവലപ്‌മെന്റ് ആന്‍ഡ് ഇനവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), നോളജ് ഇക്കണോമി മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണി വികസനത്തിന് ഊന്നല്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രണ്ട് വര്‍ഷത്തിനിടെ നിര്‍മിതബുദ്ധി, ഡേറ്റാ അനാലിസിസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ് തുടങ്ങിയ മേഖലകളില്‍ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനത്തില്‍ പങ്കാളിത്തം ഇരട്ടിയായി. ഐടി സര്‍വീസ്, ഫിനാന്‍സ്, ആരോഗ്യമേഖല എന്നീ മേഖലകളില്‍ കേരളം ദേശീയതലത്തിലെ നിയമന പാറ്റേണുമായി ചേര്‍ന്നുപോകുന്നുവെങ്കിലും ബയോ ടെക്‌നോളജി, ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് മേഖലകളില്‍ സംസ്ഥാനത്തിന് ഇനിയും വളരാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.