തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപി യോഗവും പിന്തുണ പ്രഖ്യാപിച്ചു. സംഗമത്തിൽ പങ്കെടുക്കും. ആരും വിട്ടുനിൽക്കുന്നതു ശരിയല്ലെന്നും പ്രവർത്തനങ്ങളെ പിന്തുണക്കുകയാണു വേണ്ടതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ .
മുൻപ് എന്തുചെയ്തു ചെയ്തില്ല എന്നതിലല്ല ഇപ്പോഴെന്തു ചെയ്യുന്നുവെന്നതിലാണു പ്രസക്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശരിയുടെ പക്ഷത്താണു നിൽക്കേണ്ടത്. ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെയെത്തിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റംവരുത്തില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം, ആഗോള അയ്യപ്പസംഗമത്തിന് എൻഎസ്എസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത് അതില്‍ എന്‍എസ്എസിന് എതിര്‍പ്പില്ലെന്നും എന്‍എന്‍എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ പറഞ്ഞു.