കേരള രാഷ്ട്രീയ വേദി വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ ഉന്നയിച്ച ആരോപണങ്ങൾ വിവാദങ്ങൾക്ക് പുതുവഴി തുറക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്കൊടുവിലാണ് ജലീൽ, ഫിറോസിന്റെ സാമ്പത്തിക പശ്ചാത്തലവും ദുബായ് ബിസിനസ് ബന്ധവും തുറന്നുപറഞ്ഞത്.

“ഫിറോസിന് ദുബായിൽ കമ്പനി ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷേ അത് എവിടെയാണ്? ആ കമ്പനിക്ക് ഗോഡൗൺ ഉണ്ടോ? പ്രവർത്തനം നടക്കുന്നുണ്ടോ? എന്നൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫിറോസ് “ഇല്ലാത്ത ഒരു കമ്പനിയുടെ ലേബലിൽ നിന്നാണ് ശമ്പളം വാങ്ങുന്നത്” – ജലീൽ പറഞ്ഞു

യുഡിഎഫ് നേതാക്കളിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് മുമ്പും മുന്നറിയിപ്പ് നൽകിയിരുന്നു. “രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ഫിറോസിന്റെ പേരും പുറത്തുവരുന്നത്,” ജലീൽ പറഞ്ഞു. വ്യക്തമായ മറുപടി നൽകാതെ, ഫിറോസ് തന്റെ സ്ഥാനത്ത് തുടരുന്നത് സംഘടനയുടെ വിശ്വാസ്യതയ്ക്കു തന്നെ തിരിച്ചടിയായിരിക്കുമെന്നും ജലീൽ ചൂണ്ടിക്കാട്ടി.

Also Read: ‘രാഹുല്‍ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആരോപണങ്ങൾ ശരിയായത് കൊണ്ടല്ലേ’: ടി.പി രാമകൃഷ്ണന്‍

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ വിഷയത്തെ യുവജന ലീഗ് നേതാവ് മുന്നോട്ട് കൊണ്ടുവന്നത് തന്റെ ഹവാല ഇടപാടുകൾ മറയ്ക്കാനാണെന്നും ജലീൽ ആരോപിച്ചു. “ഇത് ഗൗരവമുള്ള കാര്യമാണെന്ന് മുസ്ലിം ലീഗ് പോലും കാണുന്നില്ല. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനും, എൻ. ഷംസുദ്ധീനും ഇതുവരെ പ്രതികരിച്ചിട്ടില്ല. ലീഗിന്റെ മുതിർന്ന നേതാക്കളും മിണ്ടാതെ ഇരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും ഒന്നും പറയുന്നില്ല,” ജലീൽ ചൂണ്ടിക്കാട്ടി.

ഫിറോസ് കഴിഞ്ഞ പത്ത് വർഷത്തിനിടെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെ സമ്പന്നനായി മാറിയതിൽ പിന്നിൽ സാമ്പത്തിക കൃത്രിമങ്ങളാണ് കാരണമെന്ന് ജലീൽ ആരോപിച്ചു. യൂത്ത് ലീഗിന്റെ ‘ദോത്തി ചലഞ്ച്’ പ്രവർത്തനത്തിലും വൻ അഴിമതിയുണ്ടായെന്നും അദ്ദേഹം ആവർത്തിച്ചു.

ശിഹാബ് തങ്ങൾ ആശുപത്രിയുടെ സ്ഥലവുമായി ബന്ധപ്പെട്ടും ജലീൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. “ആ സ്ഥലം ചതുപ്പ് പ്രദേശമായിരുന്നു. യുഡിഎഫ് സർക്കാർ അനധികൃതമായി അത് ആശുപത്രി നിർമ്മാണത്തിനായി അനുവദിച്ചു. മുൻപ് ആ ഭൂമി മലയാള സർവകലാശാലയ്ക്കായി തീരുമാനിച്ചതായിരുന്നു. തണ്ണീർത്തട നിയമം ലംഘിച്ചാണ് യുഡിഎഫ് സർക്കാർ ആശുപത്രി നിർമിച്ചത്,” ജലീൽ ആരോപിച്ചു.

2016-ൽ ഭൂമിയുടെ വില നിർണയിച്ചത് അന്നത്തെ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ലെന്നും, എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ 17 ഏക്കറായിരുന്ന ഭൂമിയെ 11 ഏക്കറാക്കി ചുരുക്കിയതും, കണ്ടൽ കാടുകളും ചതുപ്പ് പ്രദേശങ്ങളും ഒഴിവാക്കിയതും, വില കുറച്ചതും എല്ലാം വ്യക്തമായ വസ്തുതകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആറായിരം അന്വേഷണങ്ങൾ വന്നാലും, റോ വന്നാലും, മോസാദ് വന്നാലും എനിക്ക് ഭയമില്ല,” എന്നും ജലീൽ വ്യക്തമാക്കി.