രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ വഖഫ് (ഭേദഗതി) നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ചിലത് ‘ഏകപക്ഷീയമായി’ അധികാരം പ്രയോഗിക്കുന്നതാണെന്ന് സുപ്രീം കോടതി. വിവാദ വകുപ്പുകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേയാണ് സുപ്രീം കോടതി നല്‍കിയത്. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിലാണ് സ്റ്റേ അനുവദിച്ചത്. 5 വര്‍ഷത്തോളം ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നയാള്‍ക്കു മാത്രമേ വഖഫ് നല്‍കാന്‍ കഴിയു എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇടപെടല്‍. മുഴുവന്‍ നിയമവും സ്റ്റേ ചെയ്യാന്‍ തക്ക ഒരു കേസും ഉണ്ടാക്കിയിട്ടില്ലെന്നും എന്നാല്‍ ‘ചില വിഭാഗങ്ങള്‍ക്ക് ചില സംരക്ഷണം ആവശ്യമാണെന്നും’ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ജസ്റ്റിസ് എ.ജി. മാസിഹും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
വഖഫ് സമര്‍പ്പണത്തിന് ഒരാള്‍ അഞ്ച് വര്‍ഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന സെക്ഷന്‍ 3(1)(r)-ലെ വ്യവസ്ഥ നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് സ്റ്റേ ചെയ്തു. ഒപ്പം വഖഫ് ബോർഡിൽ മുസ്‍ലിങ്ങളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു. നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരം തർക്ക പ്രദേശങ്ങളിൽ കലക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ അതുടൻ വഖഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലെ ഇടപെടല്‍ ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വ്യവസ്ഥ സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ല. സാധ്യമാകുന്നിടത്തോളം ബോര്‍ഡിലെ എക്സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ട് കോടതി ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. അതേസമയം, രജിസ്ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നല്‍കിയിട്ടുണ്ട്. തങ്ങളുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും, നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.