പേരാമ്പ്ര സംഘർഷം യുഡിഎഫിന്റെ പ്രത്യേക ഷോ ആണെന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ എറിഞ്ഞത് നാടൻ ബോംബാണ്. അക്രമമാർഗത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള വിലകുറഞ്ഞ തന്ത്രമാണിത്.
എസ്എഫ്ഐയുടെ വിജയത്തിലെ നിരാശയാണ് എംപിയുടെ നേതൃത്വത്തിലുണ്ടായ അക്രമമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനം. സംഘടനാ പ്രവർത്തനവും സ്വകാര്യ ഏജൻസികൾ ചെയ്തു കൊടുക്കുമെന്ന് കോൺഗ്രസ് തെളിയിക്കുന്നു. ഇതിൻ്റെ ഭാഗമായാണ് പേരാമ്പ്രയിലെ പ്രത്യേക ഷോ.
കേരളത്തിലെ വിവിധ സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ എസ്എഫ്ഐ നല്ല വിജയമാണ് ഇക്കുറി നേടിയത്. ഇതിലുള്ള നിരാശയും പ്രതിഷേധവുമാണ് പേരാമ്പ്രയിൽ സ്ഥലം എംപിയുടെ നേതൃത്വത്തിലുള്ള അക്രമവാഴ്ചയിലേക്ക് വഴിതുറന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പൊലീസിനെയും മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും മർദിക്കുകയും മാത്രമല്ല, പൊലീസിനുനേരെ നാടൻ ബോംബ് എറിയാനും യുഡിഎഫ് പ്രവർത്തകർ തയ്യാറായി. സർക്കാരിനെതിരെ ഉയർത്തുന്ന ഒരു വിഷയവും ജനങ്ങളെ ആകർഷിക്കുന്നില്ലെന്ന് മാത്രമല്ല യുഡിഎഫിനെതിരെ ജനവികാരം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു.