ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ആ സാധ്യതയും വിശദമായി അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വാദം കേൾക്കൽ നടന്നത്.
കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഹൈക്കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം എസ്.പി. എസ് ശശിധരനെ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞിട്ടും, എന്തുകൊണ്ട് അതിലേക്ക് അന്വേഷണം നീങ്ങുന്നില്ല എന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്. തുടർവാദം കേൾക്കുന്നതിനായി കേസ് നവംബർ 15-ലേക്ക് മാറ്റിവെച്ചു.