കെപിസിസി പുനഃസംഘടനയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടനയിൽ കൂടിയാലോചന നടന്നിട്ടില്ലയെന്ന പരാതിയെ തുടർന്ന് നാളെ നടത്താനിരുന്ന കെപിസിസി യോ​ഗത്തിൽ പങ്കെടുക്കില്ലയെന്ന് വി ഡി സതീശന്‍ അറിയിച്ചു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ ഫോണിൽ വിളിച്ച് ഈ കാര്യം അറിയിക്കുകയായിരുന്നു.

പുനഃസംഘടനയിൽ പരാതി പരിഹരികാതെ നേത‍ൃത്വവുമായി സഹകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കെപിസിസി സെക്രട്ടറിമാരെയും ഡിസിസി അധ്യക്ഷൻമാരെയും എത്രയും വേ​ഗം പ്രഖ്യാപിക്കണമെന്നും ഈ തീരുമാനമുണ്ടായില്ലെങ്കിൽ കെപിസിസിയുടെ പ്രധാനപ്പെട്ട പരിപാടികളുമായി സഹകരിക്കില്ലെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി. ഏകപക്ഷീയമായി പട്ടിക പ്രഖ്യാപിച്ചതായും പാർട്ടിയിൽ പരാതി ഉയരുന്നുണ്ട്. കെപിസിസി പുനഃസംഘടനയിൽ നിന്ന് വിശ്വസ്തരെ വെട്ടിയതിൽ കെ മുരളീധരനും അത്യപ്തിയുണ്ട്.

അതേസമയം കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുകയാണ്. വി ഡി സതീശനെ കൂടാതെ എ, ഐ ഗ്രൂപ്പുകളും ശശി തരൂര്‍, കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കളും ഇപ്പോഴും പ്രതിഷേധത്തിലാണ്. ഇതിനിടെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടരുകയാണ്.