ശബരിമലയിലെ സ്വർണപ്പാളി മോഷണ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം കണ്ടെത്തി. കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണമാണ് കണ്ടെത്തിയത്. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെടുത്തത്.

നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്ത സ്വർണം വിറ്റുവെന്ന് സ്വർണവ്യാപാരി ഗോവർധൻ വെളിപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്‌ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ് ഉണ്ണികൃഷ്‍ണൻ പോറ്റി സ്വര്‍ണ വില്‍പന നടത്തിയത്. സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണിക‍ൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിൽ പരിശോധന നടത്തിയത്.

ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നത് . അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്.