ഇൻഡോറിൽ ലൈംഗികാതിക്രമം നേരിട്ട ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവർഗിയ വിവാദ പരാമർശവുമായി രംഗത്ത്. താരങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും ഈ സംഭവത്തിൽ നിന്ന് അവർ ഒരു പാഠം പഠിക്കണമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഭവം നിർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി, താരങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നും ആരോപിച്ചു. “നോക്കൂ, ഒരു വീഴ്ച സംഭവിച്ചു. പക്ഷേ കളിക്കാർ ആരോടും പറയാതെ പെട്ടെന്ന് അവിടെ നിന്ന് പോയി. അവർ അവരുടെ പരിശീലകനോട് പോലും പറഞ്ഞില്ല. അവരുടെ ഭാഗത്തുനിന്നും തെറ്റുണ്ട്. കാരണം, വ്യക്തിഗത സുരക്ഷയും പോലീസ് സുരക്ഷയും ഉണ്ടായിരുന്നു. പക്ഷേ അവർ പോയതുകൊണ്ടാണ് ഈ സംഭവം നടന്നത്,” കൈലാഷ് വിജയവർഗിയ പറഞ്ഞു.

മറ്റൊരു രാജ്യത്തേക്കോ നഗരത്തിലേക്കോ പോകുമ്പോൾ സ്വന്തം സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐസിസി വനിതാ ലോകകപ്പിനായി ഇൻഡോറിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെയാണ് ലൈംഗികാതിക്രമ ശ്രമം നടന്നത്. ഹോട്ടലിൽ നിന്ന് രാവിലെ അടുത്തുള്ള കഫേയിലേക്ക് നടന്നുപോകുമ്പോഴാണ് ഇരുചക്രവാഹനത്തിലെത്തിയ പ്രതി താരങ്ങളെ പിന്തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്.

താരങ്ങൾ ഉടൻ തന്നെ ടീം സുരക്ഷാ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ അഖീൽ ഖാനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരിൽ രണ്ട് ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് വ്യക്തമാക്കി.