സംസ്ഥാനത്ത് മിൽമ പാലിന് വില കൂടുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പാലിന് വില കൂട്ടുകയെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം 2022 ഡിസംബറിലാണ് അവസാനമായി മിൽമയുടെ വില വർധിപ്പിച്ചിരുന്നത്.

‘മിൽമയുടെ വില അൽപം കൂട്ടിക്കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച് കൂടുതലായി നിലവിൽ ആലോചിക്കുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം മിൽമയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കും’ – മന്ത്രി പറഞ്ഞു.


2022 ന് ശേഷം 2026ൽ പാൽ വിലയിൽ വർധനവുണ്ടാവുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ, സെപ്റ്റംബറിൽ ജിഎസ്‌ടി കുറയ്ക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ട് വില വർധിപ്പിക്കില്ലെന്നും ചെയർമാൻ കെ എസ് മണി പറഞ്ഞിരുന്നു.