ബിഹാർ തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള ക്രമക്കേട് നടന്നതായി ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി (എ.എ.പി.) നേതാവ് സൗരഭ് ഭരദ്വാജ്. ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തങ്ങളുടെ വിശ്വസ്തരായ വോട്ടർമാരെ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി ബിഹാറിൽ എത്തിച്ച് വോട്ട് തട്ടിപ്പ് നടത്തിയെന്നാണ് അദ്ദേഹം എക്‌സിലൂടെ ആരോപിച്ചത്.

വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണ സമയത്ത് തന്നെ ബിജെപി തങ്ങളുടെ വിശ്വസ്ത വോട്ടർമാരെ തിരിച്ചറിഞ്ഞുവെന്ന് സൗരഭ് ഭരദ്വാജ് ആരോപിക്കുന്നു. ഈ വോട്ടർമാരുടെ പേരുകൾ ഡൽഹിയിലും ഹരിയാനയിലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പട്ടികകളിൽ നിന്ന് ഒഴിവാകുന്നില്ലെന്ന് ഉറപ്പുവരുത്തി.

തുടർന്ന്, “ലക്ഷക്കണക്കിന് വരുന്ന ആ വോട്ടർമാരെ ബിഹാറിലെ വിവിധ മണ്ഡലങ്ങളിലേക്ക് അയച്ചു. അവർക്കുള്ള ട്രെയിൻ ടിക്കറ്റ് മുതൽ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപിയാണ്. അങ്ങനെയാണ് ബിഹാറിലെ പോളിംഗ് 75 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതായത്,” അദ്ദേഹം കുറിച്ചു.

ഛഠ് പൂജയുടെ പേരിൽ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാർത്ഥ ലക്ഷ്യത്തെയും സൗരഭ് ഭരദ്വാജ് ചോദ്യംചെയ്തു. ഈ ട്രെയിനുകൾക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. “ഈ പ്രത്യേക ട്രെയിനുകൾ ഛഠ് പൂജയ്ക്കുവേണ്ടി അനുവദിച്ചതാണെങ്കിൽ എന്തുകൊണ്ടാണ് അവ ഛഠ് പൂജയ്ക്ക് ശേഷവും ഓടുന്നത്? അതിനുള്ള കാരണം വളരെ ലളിതമാണ്. ബിഹാർ തിരഞ്ഞെടുപ്പ്. ജനാധിപത്യത്തെ വിലകൊടുത്തുവാങ്ങാൻ അവർ സർക്കാർ സംവിധാനവും പൊതുജനങ്ങളുടെ പണവും ഉപയോഗിക്കുകയാണ്,” അദ്ദേഹം ആരോപിച്ചു.

ഈ ആരോപണങ്ങൾക്കിടെ, ഇന്നലെ നടന്ന ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി റെക്കോർഡ് ഇട്ടിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. 2000-ൽ രേഖപ്പെടുത്തിയ 62.57 ശതമാനമായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന പോളിംഗ്. നവംബർ 11-നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.