സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിദിനം നവീകരിക്കപ്പെടുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കരയില്‍ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സന്ദര്‍ശിച്ച് ഷി വര്‍ക്ക് സ്‌പേസ് പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും ഭരത് മുരളിയുടെയും സ്മരണയ്ക്കായി കൊട്ടാരക്കരയില്‍ ഫിലിം കോംപ്ലക്‌സ് നിര്‍മ്മിക്കും. വെളിയത്ത് 35 സെന്റ് സ്ഥലത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ റവന്യൂ വകുപ്പ് ഓര്‍ഡര്‍ ഉടന്‍ ഇറങ്ങും. കൊട്ടാരക്കരയില്‍ 1,47000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഐടി പാര്‍ക്ക് നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ വിഭാവനം ചെയ്ത നൂതന പദ്ധതിയാണ് ഷീ വര്‍ക്ക് സ്‌പെയ്സ് (പെണ്‍ തൊഴിലിടം). വിവിധ ഘടകങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയത്തോടെ നടപ്പിലാക്കുന്ന തൊഴിലിടത്തില്‍ ആധുനിക രീതിയിലുള്ള വുമണ്‍ ഹെല്‍ത്ത് ക്ലബ്, റസ്റ്റോറന്റ്, ഡോര്‍മെറ്ററി റൂം, മീറ്റിംഗ് ലോഞ്ച്, കഫറ്റേരിയ, വാണിജ്യ-വ്യാപാര കേന്ദ്രം, ഫാര്‍മസി, ക്ലീനിക് എ ടി എം, സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ്. ബ്ലോക്ക് പരിധിയില്‍ ഉചിതമായ സ്ഥലം കണ്ടെത്തി പദ്ധതി ആരംഭിക്കും.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.മിനി, സ്ഥിരം സമിതി അധ്യക്ഷരായ എം.ലീലാമ്മ, സജനി ഭദ്രന്‍, ബ്ലോക്ക് അംഗങ്ങളായ കെ.ഐ.ലതീഷ്, ദിവ്യ സജിത്ത്, ഗീത ജോര്‍ജ്, ബി.ബിന്ദു, വത്സമ്മ തോമസ്, എം.ശിവപ്രസാദ്, മിനി അനില്‍, എസ്.എച്ച്.കനകദാസ്, സെക്രട്ടറി എല്‍.വി.റാണി തുടങ്ങിയവര്‍ പങ്കെടുത്തു.