സസ്പെൻഷനിലായ കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് യുവതി ലൈംഗികാതിക്രമ പരാതി നല്‍കി . രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിൻ്റെ പുതിയ ഓഡിയോ റെക്കോർഡിങ്ങും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ ഈ നിർണായക നീക്കം.

ഇന്നു വൈകിട്ട് നാലേകാലോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി യുവതി പരാതി നൽകിയത്. എല്ലാ ഡിജിറ്റല്‍ തെളിവുകളും യുവതി മുഖ്യമന്ത്രിക്ക് കൈമാറി. യുവതിയുമായി അര മണിക്കൂറോളും കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി തുടർനടപടികൾക്കായി പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

മാസങ്ങൾക്കുമുമ്പ് മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ യുവതി നേരിട്ട് പരാതിയുമായി എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന പുതിയ ഓഡിയോ ക്ലിപ്പിൽ, യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ സംസാരിക്കുന്നത് കേൾക്കാം.

ഇതിന് മുമ്പ് പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളുടെയും ചാറ്റ് സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നെങ്കിലും, അന്ന് പരാതിക്കാരി നിയമപരമായി നേരിട്ട് മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍, ഇന്ന് നിയമപരമായ പരാതി നല്‍കിയതോടെ രാഹുലിനെതിരേ കര്‍ശനമായ നിയമനടപടി അനിവാര്യമാണ്.

യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് അനിവാര്യമെങ്കില്‍ കോടതിയില്‍ എത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തും. മൊഴികളുടെ അടിസ്ഥാനത്തിലാകും രാഹുലിന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍.