നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫിന് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല. കേസ് മേല്‍ക്കോടതിയിലേക്ക് പോകുമല്ലോ. കുറ്റക്കാരായ ആറുപേര്‍ക്കും അതിജീവിതയുമായി മുന്‍വൈരാഗ്യം ഉണ്ടെന്ന് കാണാന്‍ കഴിയില്ല. അപ്പോള്‍ തന്നെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞ് നാറുന്നുവെന്ന് ചൊല്ലുണ്ട്. ഈ കേസില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരള സമൂഹം അതിജീവിതയ്‌ക്കൊപ്പമാണ്. കോണ്‍ഗ്രസ് മറ്റൊരു സമീപനം സ്വീകരിച്ചിട്ടില്ല. സ്ഥാനമാനങ്ങളിലിരിക്കുന്നവര്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെയൊരു അഭിപ്രായം ഉണ്ടെങ്കില്‍ ഫോണില്‍ ബന്ധപ്പെടാം. അല്ലാത്തപക്ഷം ജനം തെറ്റിദ്ധരിക്കപ്പെടും. പാര്‍ട്ടിക്കും മുന്നണിക്കും ഒറ്റ അഭിപ്രായമാണ്. അതിനപ്പുറം ആര് എന്ത് പറഞ്ഞാലും വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവര്‍ത്തിച്ചു.

അടൂര്‍ പ്രകാശ് തിരുത്തി പറയണം. ഇല്ലെങ്കില്‍ പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാകും. അപക്വമായ പ്രസ്താവന ഒരിക്കലും ഒരു പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല. അത്യുന്നതമായ പദവിയാണ് യുഡിഎഫ് കണ്‍വീനര്‍ എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.