റഷ്യ-യുക്രൈൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. ഇതിന്റെ ഭാഗമായി യുഎസ്, റഷ്യൻ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച ഫ്ലോറിഡയിൽ നിർണ്ണായക ചർച്ച നടത്തും. കഴിഞ്ഞ നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലെത്താനാണ് ഇരുവിഭാഗവും ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നർ എന്നിവരാണ് അമേരിക്കൻ സംഘത്തെ നയിക്കുന്നത്.
റഷ്യൻ ഭാഗത്ത് നിന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്തനും റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട് മേധാവിയുമായ കിറിൽ ദിമിത്രീവ് ചർച്ചകളിൽ പങ്കെടുക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചയുടെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം യുക്രൈൻ, യൂറോപ്യൻ ഉദ്യോഗസ്ഥരുമായി അമേരിക്ക നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് റഷ്യയുമായുള്ള ഈ കൂടിക്കാഴ്ച. സമാധാന കരാറിന്റെ ഭാഗമായി കീവിന് നൽകേണ്ട സുരക്ഷാ ഉറപ്പുകളെക്കുറിച്ച് പ്രാഥമിക ധാരണകൾ രൂപപ്പെട്ടതായി സൂചനയുണ്ട്. എങ്കിലും, പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകില്ലെന്ന പുടിന്റെ കടുപ്പിിച്ച നിലപാട് ചർച്ചകളിൽ വലിയ വെല്ലുവിളിയാകുന്നുണ്ട്.
റഷ്യൻ സേന പിടിച്ചെടുത്ത നാല് പ്രവിശ്യകളിൽ നിന്നും യുക്രൈൻ പിന്മാറണമെന്നും നാറ്റോയിൽ ചേരാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പുടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ഈ സാഹചര്യത്തിൽ ഇരുപക്ഷത്തിനും സമ്മതമായ ഒരു ഒത്തുതീർപ്പ് ഫോർമുല കണ്ടെത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഫ്ലോറിഡയിലെ മിയാമിയിലുള്ള ഒരു പ്രമുഖ ഗോൾഫ് ക്ലബ്ബിലാണ് ചർച്ചകൾ നടക്കുന്നത്.
