അതിതീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ഗുരുതരവും ക്രമവിരുദ്ധവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡിസംബർ 20ന് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) യോഗം വിളിച്ചുചേർത്തതായി എം.വി. ജയരാജൻ പത്രക്കുറിപ്പിൽ അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നിരവധി ആശങ്കകൾ ഉന്നയിച്ചെങ്കിലും അവയ്‌ക്ക് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്കായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗം ആരംഭിച്ച ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വിതരണം ചെയ്ത ഔദ്യോഗിക കുറിപ്പിൽ 2,78,50,855 എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്‌തതും അത്രതന്നെ ഫോമുകൾ ഡിജിറ്റലൈസ് ചെയ്‌തതുമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്ന് എം.വി. ജയരാജൻ ആരോപിച്ചു. എല്ലാ വോട്ടർമാർക്കും എന്യുമറേഷൻ ഫോറം ലഭിച്ചിട്ടില്ലെന്നും 23,40,000 പേർക്ക് ഫോറം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഡിജിറ്റലൈസ് ചെയ്‌ത ഫോമുകളിൽ 24,08,503 പേർ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവരാണെന്നും ചൂണ്ടിക്കാട്ടി.

മരണപ്പെട്ടവർ (6,49,885), കണ്ടെത്താൻ സാധിക്കാത്തവർ (6,45,548), സ്ഥിര താമസം മാറിയവർ (8,16,221), ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടവർ (1,36,029), മറ്റ് വിഭാഗത്തിൽപ്പെട്ടവർ (1,60,830) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലുളളവരെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് സിഇഒ യോഗത്തിൽ അറിയിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു. മരണപ്പെട്ടവരെയും ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളിൽ പേര് ഉൾപ്പെട്ടവരെയും ഒഴിവാക്കുന്നത് ന്യായമായിരിക്കുമ്പോഴും, മറ്റു മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരിൽ വലിയൊരു വിഭാഗം യഥാർത്ഥ വോട്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാമത്തെ വിഭാഗം ‘മറ്റുള്ളവർ’ എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, അവർ ആരാണെന്ന് ചോദിച്ചപ്പോൾ എന്യുമറേഷൻ ഫോം സ്വീകരിക്കാൻ പോലും തയ്യാറാകാത്തവരാണെന്നായിരുന്നു സിഇഒയുടെ മറുപടിയെന്നും എം.വി. ജയരാജൻ പറഞ്ഞു. എന്നാൽ ആ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ചിലരെ നേരിൽ കണ്ടു ചോദിച്ചപ്പോൾ അത്തരമൊരു നിലപാട് തങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കിയതായി രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയതായും പത്രക്കുറിപ്പിൽ പറയുന്നു.