നിർണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നത് കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമാകുന്നു. പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി ജർമ്മനിയിലെ ബിഎംഡബ്ല്യു പ്ലാന്റ് സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

ഇതിനുപിന്നാലെ പ്രിയങ്കാ ഗാന്ധിയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പരസ്യമായി രംഗത്തെത്തി.

പ്രിയങ്കാ ഗാന്ധി ഇന്ദിരാഗാന്ധിയെപ്പോലെ കരുത്തയായ പ്രധാനമന്ത്രിയാകാൻ യോഗ്യയാണെന്നും അവരെ മുന്നിൽനിർത്തി പാർട്ടി പ്രവർത്തിക്കണമെന്നും ഇമ്രാൻ മസൂദ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളെല്ലാം സർക്കാരിനെതിരെ തെരുവിൽ പ്രതിഷേധിക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്ത് കറങ്ങുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.