കേരളത്തിലെ എംഎൽഎമാർക്ക് ഓഫീസ് വാടകയിനത്തിൽ സർക്കാർ പ്രത്യേക തുക നൽകുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി വ്യക്തമാക്കി. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി എംഎൽഎമാർക്ക് നിലവിൽ ലഭിക്കുന്നത് 25,000 രൂപയുടെ മണ്ഡലം അലവൻസ് മാത്രമാണ്. ഓഫീസ് വാടകയ്ക്കായി പ്രത്യേകം പണം അനുവദിക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ അറിയിച്ചു.
വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് വാടകയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം പുറത്തുവരുന്നത്. എംഎൽഎമാർക്ക് ഓഫീസ് അലവൻസായി വൻതുക ലഭിക്കുന്നുണ്ടെന്ന പ്രചാരണങ്ങൾ വസ്തുതാപരമല്ല. നിയമസഭാ ചട്ടങ്ങൾ പ്രകാരം എംഎൽഎമാരുടെ ശമ്പളത്തിലും അലവൻസുകളിലും ഓഫീസ് വാടക എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടില്ല.
നിലവിൽ ഒരു എംഎൽഎയ്ക്ക് ലഭിക്കുന്ന ആകെ മാസവരുമാനം 70,000 രൂപയാണ്. ഇതിൽ 2,000 രൂപ അടിസ്ഥാന ശമ്പളവും 25,000 രൂപ മണ്ഡലം അലവൻസുമാണ്. കൂടാതെ യാത്രാ അലവൻസായി 20,000 രൂപയും ടെലിഫോൺ അലവൻസായി 11,000 രൂപയും ലഭിക്കുന്നു. വിവരശേഖരണത്തിനായി 4,000 രൂപയും മറ്റ് ചെലവുകൾക്കായി 8,000 രൂപയും ഇതോടൊപ്പം അനുവദിക്കുന്നുണ്ട്.
മണ്ഡലം അലവൻസായി ലഭിക്കുന്ന 25,000 രൂപയിൽ നിന്നാണ് ഓഫീസ് നടത്തിപ്പും മറ്റ് പൊതുപ്രവർത്തന ചെലവുകളും കണ്ടെത്തേണ്ടത്. ഇതിനുപുറമെ ഓഫീസ് വാടകയ്ക്കായി പണം നൽകുന്ന രീതി നിലവിലില്ല. പല എംഎൽഎമാരും പാർട്ടി ഓഫീസുകളോ സ്വന്തം കെട്ടിടങ്ങളോ ആണ് മണ്ഡലം ഓഫീസുകളായി ഉപയോഗിക്കുന്നത്.തിരുവനന്തപുരം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കുറഞ്ഞ വാടകയ്ക്ക് എംഎൽഎ ഓഫീസായി ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി. എന്നാൽ പൊതുപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ഓഫീസുകൾക്ക് ഇത്തരം ഇളവുകൾ നൽകാറുണ്ട്. വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റാനാണ് സെക്രട്ടേറിയറ്റ് കണക്കുകൾ നിരത്തിയത്.
