കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവലെയുടെ വിവാദ പരാമർശത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കടുത്ത പ്രതികരണം നടത്തി. കേരളത്തിന് കേന്ദ്രസഹായം ലഭിക്കണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മും എൻഡിഎയിൽ ചേരണമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതികരണം.
ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും വെല്ലുവിളിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഫെഡറൽ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും, സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട സഹായങ്ങൾ നൽകുന്നതിന് രാഷ്ട്രീയ ഉപാധികൾ വെക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ട ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ കുടിശ്ശിക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിക്ക് വ്യക്തമായ ധാരണയില്ലെന്നും, ആർഎസ്എസ്-ബിജെപി പോലുള്ള വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോ ഇഞ്ചും പൊരുതി മുന്നേറുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
