ശബരി റെയിൽപാത പദ്ധതിയിൽ നിർണായക തീരുമാനം കൈക്കൊണ്ട് മന്ത്രിസഭായോഗം. അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാനും, ഇതിനായി കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു റെയിൽവേ പദ്ധതിക്കായി ചെലവിന്റെ പകുതി വഹിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

1997–98 ലെ റെയിൽവേ ബജറ്റിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അങ്കമാലി–ശബരി റെയിൽവേ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒന്നാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജം നൽകും.

പദ്ധതി പൂർത്തിയായാൽ ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. ഒന്നാം ഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്കുമുമ്പേ പൂർത്തിയായിരുന്നു. എന്നാൽ ശേഷിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതിനാൽ നടപടികൾ വീണ്ടും ആദ്യഘട്ടത്തിൽ നിന്ന് ആരംഭിക്കേണ്ട സാഹചര്യമാണുള്ളത്.

ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതുമൂലം കഴിഞ്ഞ 25 വർഷത്തിലേറെയായി പദ്ധതി സ്തംഭനാവസ്ഥയിലായിരുന്നു. 07.01.2021-ലെ സർക്കാർ ഉത്തരവ് (G.O(Ms) No. 1/2021/Trans) പ്രകാരം പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അന്നത്തെ 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവിൽ 3,800.9 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതിന്റെ പകുതിയായ തുകയാണ് സംസ്ഥാന സർക്കാർ വഹിക്കുക.

ശബരി റെയിൽപാത പദ്ധതിക്കായി 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഭൂമിയേറ്റെടുക്കലിന് 1,361 കോടി രൂപയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് 2,439.93 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കൽ നടക്കുക. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യൂ അധികാരികൾക്ക് നിർദേശം നൽകാനും, ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.