പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തലയുടെ പരാമർശം പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സ്‌കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതുണ്ടെന്നും അധിക്ഷേപങ്ങൾക്ക് തെല്ലും വില കൽപിക്കാതെ നമുക്ക് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.

'അധ്യയന വർഷം ആരംഭിച്ചിട്ടും പഠിക്കാൻ പാഠപുസ്തകങ്ങൾ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നുവല്ലോ. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തു ക്ലാസ് നടത്തിയിരുന്ന അക്കാലത്ത് നിന്നും അധ്യയന വർഷം തീരുമ്പോഴേക്ക് അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുന്നു.

ഇതിന്റെ തുടർച്ചയായി 2026-27 അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാന തല വിതരണത്തിന് ഇന്ന് നാം തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്. ഈ നേട്ടത്തെ മുൻ പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്‌കാരം' എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണ്.

സ്‌കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതുണ്ട്. അധിക്ഷേപങ്ങൾക്ക് തെല്ലും വില കൽപിക്കാതെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിദ്യാർത്ഥികൾക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.'എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.