ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കാൻ സംസ്ഥാന സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
രണ്ട് വർഷം നീണ്ട തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായാണ് രാജ്യത്ത് ആദ്യമായി സമഗ്ര നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2023 ഡിസംബറിൽ ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി കേരള നഗര നയ കമ്മിഷൻ രൂപീകരിച്ചു. 2025 മാർച്ചിൽ നവകേരള നഗര നയ റിപ്പോർട്ട് കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തുടർന്ന് റിപ്പോർട്ട് വിപുലമായി ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബറിൽ കൊച്ചിയിൽ ആഗോള സമ്മേളനം സംഘടിപ്പിച്ചു. ദേശീയവും അന്തർദേശീയവും ആയ തലങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മേയർമാർ, ജനപ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കെടുത്ത സമ്മേളനത്തിൽ നഗരവൽക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിചർച്ച ചെയ്തു. പുതിയ നിർദേശങ്ങളും ഉൾക്കൊണ്ടാണ് സർക്കാർ അന്തിമ നഗര നയം തയ്യാറാക്കിയിരിക്കുന്നത്.
നഗര നയ കമ്മിഷന്റെ കണക്കുകൾ പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാകും. മലനാടിനും തീരദേശത്തിനുമിടയിൽ ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃതമായ നഗര വികസനം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലാളിത്യ മേഖലകളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കാൻ അടിസ്ഥാന രേഖയായിരിക്കും ഈ നഗര നയം. കൂടാതെ, നഗരവൽക്കരണത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ദിശയും സാധ്യതകളും നയം മുന്നോട്ടുവയ്ക്കുന്നു.
