നവകേരള സര്‍വെ ഹൈക്കോടതി റദ്ദാക്കിയത് സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണെന്ന് മന്ത്രി പി രാജീവ്. വിധി പൂര്‍ണമായി പുറത്തു വന്നശേഷം ഇതു പരിശോധിക്കും. സാങ്കേതിക പിഴവുണ്ടെങ്കില്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കും. സര്‍വെ റദ്ദാക്കിയത് രാഷ്ട്രീയം ചൂണ്ടിക്കാട്ടിയാണോ എന്ന് അറിയില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല കുറേ കേസുകളാണ് കോടതി പരിഗണിക്കുന്നത്. ആചാരകാര്യങ്ങളില്‍ കോടതിക്ക് പോലും ഇടപെടാന്‍ അവകാശമുണ്ടോ എന്ന് ഭരണഘടനാ ബെഞ്ച് വാദം കേട്ട് തീരുമാനിക്കാന്‍ പോകുകയാണ്. അപ്പോള്‍ സര്‍ക്കാരിന് അഭിപ്രായമുണ്ടെന്ന് പറഞ്ഞാല്‍ അത് കോടതിക്ക് എതിരായിപ്പോകില്ലേ?. രാജീവ് ചോദിച്ചു.

ഈ വിഷയത്തില്‍ നിലപാട് എന്താണെന്ന് കോടതി ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ പറയും. മുമ്പ് സുപ്രീംകോടതി വിധിച്ചു. അത് ഭരണഘടനാപരമായി നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. പിന്നീട് ആ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതി തന്നെ പരിശോധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കണമെന്ന് പറയുന്നത് യുക്തിരാഹിത്യമാണ്.

ഇപ്പോള്‍ തുടര്‍ച്ചയ്‌ക്കെതിരെ പറയുന്നവരുണ്ടല്ലോ?. അപ്പോള്‍ കാല്‍നൂറ്റാണ്ടായി എംഎല്‍എയായി തുടരുന്നവര്‍ മാറണമെന്ന അഭിപ്രായമുണ്ടോ ജനാധിപത്യത്തിനു വേണ്ടി ?. ഇങ്ങനെ എംഎല്‍എയായിരിക്കുന്നവര്‍ മാറി നിന്നുകൊണ്ടാണോ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ പോകുന്നത് ?. പിണറായിക്ക് 10 കൊല്ലം മുമ്പ് ആഡംബര വീടു കൊടുത്തതാണ്. ഇപ്പോഴല്ലേ ഒരു കട്ടില്‍ ഇട്ടു കൊടുത്തത്?. ആഡംബര വീട്ടില്‍ കട്ടില്‍ കൊടുക്കാന്‍ മാധ്യമങ്ങള്‍ എത്ര കൊല്ലമെടുത്തുവെന്നും പി രാജീവ് ചോദിച്ചു.