നവകേരള സർവ്വേയിൽ ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. സർവ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സർക്കാരിന്‍റെ നിർണായക നീക്കം.രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും നിരീക്ഷിച്ചിരുന്നു.

സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളതു കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സർവ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്.

പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരിലൂടെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സർവേയെ സർക്കാർ അവതരിപ്പിച്ചത്.