പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് വി ഡി സതീശന്റെ സ്ഥിരം പ്രയോഗം. ഒരു നുണ പലയാവർത്തി പറഞ്ഞാൽ സത്യമാക്കാം എന്ന ഹിറ്റ്ലറുടെ പ്രചരണ വിഭാഗം തലവൻ ഗീബൽസിന്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഖജനാവിൽ നിന്ന് ചെലവഴിച്ച പണം ഈ സാമ്പത്തിക വർഷം 2 ലക്ഷം കോടി രൂപ കടക്കാൻ പോകുന്നുവെന്നും മന്ത്രി ഫാവെബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയുള്ള ഒരാൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി പറയുകയാണ്. നുണ പറയുന്നതിൽ ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന് കൊടുക്കണം.
എല്ലാ വകുപ്പുകളെ സംബന്ധിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദിനേനെ അദ്ദേഹം പറയുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പറയുന്നത് ധനകാര്യ വകുപ്പിനെ കുറിച്ചാണ്. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം പ്രയോഗം. കേരളത്തിൽ ഒന്നിനും പണമില്ലത്രെ. ഇത് സംബന്ധിച്ച് നിയമസഭയിൽ ചർച്ച ചെയ്താൽ കള്ളി പൊളിയും എന്നതുകൊണ്ട് ഇത്തവണ ബജറ്റ് സെഷൻ തന്നെ ബഹിഷ്കരിച്ച് ഒളിച്ചോടിയ കൂട്ടരാണ് യുഡിഎഫ്. നിയമസഭയിൽ പറയാതെ നാട്ടിൽ മൈക്ക് വച്ച് നുണ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാം എന്നാണ് അദ്ദേഹം കരുതുന്നത്. ഒരു നുണ പലയാവർത്തി പറഞ്ഞാൽ സത്യമാക്കാം എന്ന ഹിറ്റ്ലറുടെ പ്രചരണ വിഭാഗം തലവൻ ഗീബൽസിന്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റേത്.
പ്രതിപക്ഷ നേതാവിനോട് ആദ്യം പറയാനുള്ള കാര്യം, സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഖജനാവിൽ നിന്ന് ചെലവഴിച്ച പണം ഈ സാമ്പത്തിക വർഷം 2 ലക്ഷം കോടി രൂപ കടക്കാൻ പോകുന്നു എന്നതാണ്. അതായത് 2025- 26 സാമ്പത്തിക വർഷത്തെ കേരള സർക്കാരിന്റെ ആകെ ചിലവ് രണ്ട് ലക്ഷം കോടി രൂപയ്ക്കു മുകളിൽ ആയിരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയും ചെലവഴിച്ചിരുന്നിടത്ത് ഈ സർക്കാരിന്റെ ശരാശരി വാർഷിക ചിലവ് 1.72 ലക്ഷം കോടി രൂപയാണ്. ക്ഷേമ പെൻഷൻ ഇനത്തിൽ മാത്രം ഈ സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചത് 50000 കോടി രൂപയാണ്. സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും ഇത് 54000 കോടി രൂപയെങ്കിലും ആകും. ഉമ്മൻചാണ്ടി സർക്കാർ 10700 കോടി രൂപ നൽകിയ സ്ഥാനത്താണിത്.
സാമൂഹ്യ സുരക്ഷാ പെൻഷനുകളും മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതിയും യുവാക്കളുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും എല്ലാം ഉത്തരവാദിത്വത്തോടെ നടപ്പിലാക്കുന്ന സർക്കാരാണിത്. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പറയാറുള്ളൂ. പറഞ്ഞതെല്ലാം ചെയ്യുകയും ചെയ്യും.
കേന്ദ്രം സർവ്വവിധത്തിലും കേരളത്തിനർഹമായ വിഹിതങ്ങൾ നിഷേധിക്കുമ്പോഴും നമ്മുടെ തനത് വരുമാനം വർദ്ധിപ്പിച്ചാണ് നാം പിടിച്ചുനിൽക്കുന്നത്. ചെലവുകൾ വെട്ടിക്കുറക്കാനല്ല, ചെലവുകൾക്ക് അനുസരിച്ച് വരുമാനം വർദ്ധിപ്പിക്കാനാണ് കേരളം ശ്രമിച്ചത്.
നമ്മുടെ കടമാകട്ടെ കുറയുകയും ചെയ്തു. ആകെ ജി.എസ്.ഡി.പിയുടെ 39 ശതമാനം വരെയുണ്ടായിരുന്ന സംസ്ഥാനത്തിന്റെ കടം ഇപ്പോൾ 34 ശതമാനത്തിന് താഴേക്ക് എത്തിയിരിക്കുന്നു. ഇതൊന്നും പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല. യാഥാർത്ഥ്യം തുറന്നു പറഞ്ഞാൽ എൽഡിഎഫ് ഗവൺമെന്റിനെ പ്രകീർത്തിക്കേണ്ടി വരും എന്നതുകൊണ്ട് നുണയുടെ പുകമറ ഉണ്ടാക്കുന്നതാണ്.
പ്രതിപക്ഷ നേതാവിന്റെ പൂച്ചകൾ ഏതായാലും ഭാഗ്യം ചെയ്തവരാണ്. രണ്ട് ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയിൽ ജീവിക്കാനുള്ള ഭാഗ്യം അവർക്ക് കിട്ടിയല്ലോ.’- കെഎൻ ബാലഗോപാൽ
