മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള സാഫ് സംരംഭകർ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മികച്ച പ്രവർത്തനങ്ങളിലൂടെ പ്രതിവർഷം 150 കോടി രൂപയുടെ ബിസിനസ് നേടാൻ സാഫ് സംരംഭകർക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സഫലം 2026 എന്ന പേരിൽ സംഘടിപ്പിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) സംരംഭകരുടെ സംസ്ഥാനതല സംഗമവും 200 മത്സ്യത്തൊഴിലാളി വനിതാ സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനവും ശാക്തീകരണവും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) എന്ന ഏജൻസി കേരളത്തിലുടനീളം മൂവായിരത്തി അഞ്ഞൂറോളം ബദൽ ജീവനോപാധി സൂക്ഷ്‌മ സംരംഭങ്ങളാണ് മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ചത്. പതിനായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സാഫ് പദ്ധതികളുടെ ഗുണഫലം ലഭ്യമായിട്ടുണ്ട്. 2006ൽ സുനാമി പുനരധിവാസ പദ്ധതിയുടെ നിർവഹണ ഏജൻസിയായി സാഫ് പ്രവർത്തിച്ചു. സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം നൽകി പ്രാപ്തമാക്കുന്ന സാഫിനെ ഫിഷറീസ് വകുപ്പിന്റെ കീഴിലെ ഏറ്റവും മികച്ച സ്ഥാപനം എന്ന നിലയിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു.
ഫിഷറീസ് മേഖലയിൽ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി 22000 വീടുകൾ നിർമ്മിച്ചു നൽകി ഭവന നിർമ്മാണ രംഗത്ത് മികച്ച മുന്നേറ്റം നടത്തി. തൊഴിൽ തീരം പദ്ധതിയും വിജയകരമായി നടപ്പാക്കി. മത്സ്യ തൊഴിലാളി മേഖലയിൽ ഏറ്റവും കൂടുതൽ പ്രവർത്തനം ഏകോപിപ്പിക്കുന്ന സ്ഥലം കൊച്ചിയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വരും കാലങ്ങളിൽ ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം നടക്കാൻ പോകുന്ന മേഖല ഫിഷറീസ് മേഖലയായിരിക്കും. കടലിലെ മത്സ്യ ഉത്പാദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് . ഉൾനാടൻ മത്സ്യ മേഖലയിൽ നിലവിലുണ്ടായിരുന്ന ഉല്പാദനശേഷി ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സാഫിന്റെ പുതിയ വസ്ത്ര ബ്രാൻഡായ 'സാഫ് കോറൽ ബ്ലൂംസ്' ബ്രാൻഡിന്റെ പ്രകാശനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. ചടങ്ങിൽ മികച്ച സാഫ് സംരംഭകർക്കുള്ള അവാർഡുകളും പുതിയ സംരംഭങ്ങൾക്കുളള ധനസഹായത്തിന്റെ വിതരണവും നടത്തി. സാഫ് പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്ററി പ്രകാശനം, മികച്ച തീരമൈത്രി മാനേജ്‌മെൻ്റ് കൗൺസിൽ (ടി.എം.സി), മികച്ച ഫീൽഡ്‌തല ഉദ്യോഗസ്ഥർ, മികച്ച ജില്ലകൾ, 15 വർഷം തുടർച്ചയായി പ്രവർത്തിച്ചുവരുന്ന സാഫിൻ്റെ മികച്ച സംരംഭകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഗുണഭോക്തൃസംഗമത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മുവായിരത്തോളം ഗുണഭോക്താക്കൾ പങ്കെടുത്തു.
