അടിമാലിയില്‍ പുതുയുഗ യാത്ര നടക്കുന്ന വേദിയില്‍ തിക്കും തിരക്കും അനുഭവപ്പെട്ടതോടെ നേതാക്കളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ജാഥാ ക്യാപ്റ്റനുമായ വി ഡി സതീശന്‍. വി ഡി സതീശന്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ വേദി നിറഞ്ഞ് നേതാക്കള്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ വേദിയിലെ തിരക്ക് കാരണം ജാഥാ ക്യാപ്റ്റനെ കാണാനാവുന്നില്ലെന്ന് സദസില്‍ നിന്നും ഒരാള്‍ വിളിച്ച് പറഞ്ഞു. ഇതിന് പിന്നാലെയാണ് നേതാക്കളോട് മാറി നില്‍ക്കാന്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടത്.
സദസില്‍ ഇരിക്കുന്നവര്‍ ബഹളമുണ്ടാക്കരുതെന്നും സ്റ്റേജില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കണമെന്നും വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്. കുറ്റ്യാടിയിലെ പുതുയുഗ വേദിയിലുണ്ടായ സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വീഡിയോയും പ്രചരിക്കുന്നത്.
ഇന്നാണ് പുതുയുഗ യാത്ര ഇടുക്കിയില്‍ പര്യടനമാരംഭിച്ചത്. ജില്ലയിലെ ആദ്യത്തെ യോഗത്തിലാണ് ജാഥാ ക്യാപ്റ്റന് വേദിയില്‍ നിന്ന് മാറി നില്‍ക്കാന്‍ നേതാക്കളോട് ആവശ്യപ്പെടേണ്ടി വന്നത്. വി ഡി സതീശന്‍ പ്രസംഗിക്കാന്‍ വേദിയില്‍ എത്തിയപ്പോള്‍ വേദി നിറഞ്ഞ് നേതാക്കള്‍ നിന്നതോടെ സദസില്‍ ഇരിക്കുന്നവര്‍ക്ക് സതീശനെ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.
