കേരളത്തെ ദേശീയ തലത്തിൽ തെറ്റായ രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് “കേരള സ്റ്റോറി 2” എന്ന ചിത്രത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി ശക്തമായി വിമർശിച്ചു. ഒരു പ്രൊപ്പഗണ്ട ചിത്രമെന്നതിലുപരി ഇത് “സെപ്റ്റിക് ടാങ്ക് സിനിമ”യാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചിത്രത്തിന് അടിസ്ഥാനപരമായ മാന്യത പോലും ഇല്ലെന്ന് ആരോപിച്ചു. മുസ്ലിം സമൂഹത്തെ മോശമായി ചിത്രീകരിക്കുകയും കേരളത്തിന്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപായി ഇത്തരം സിനിമകൾ പുറത്തിറങ്ങുന്നത് രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിലെ സംവാദത്തിൽ അഭിപ്രായപ്പെട്ടു.
കേരളത്തിൽ വൻതോതിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ചിത്രത്തിൽ സൂചിപ്പിക്കുന്നുവെങ്കിലും, ഇതിനെ പിന്തുണയ്ക്കുന്ന ഔദ്യോഗിക രേഖകൾ ആഭ്യന്തര മന്ത്രാലയത്തിന്റെയോ രജിസ്ട്രേഷൻ വകുപ്പിന്റെയോ കൈവശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ഭാഗത്തിൽ പരാമർശിച്ച ‘33,000 സ്ത്രീകൾ’ എന്ന കണക്കും അടിസ്ഥാനരഹിതമാണെന്നും, അതേ തരത്തിലുള്ള ആരോപണങ്ങൾ പുതിയ ഭാഗത്തും ആവർത്തിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭക്ഷണരീതിയിൽ ബീഫ് ഒരു സാധാരണ വിഭവമാണെന്നും, സംസ്ഥാനത്തെ ബിജെപി നേതാക്കൾ തന്നെ ബീഫ് കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഡൽഹിയിൽ മമ്മി, കേരളത്തിൽ യമ്മി” എന്ന രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയിലെ ബീഫ് കയറ്റുമതിയിൽ 59 ശതമാനം ഉത്തർപ്രദേശിൽ നിന്നാണെന്നും രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണെന്നും അദ്ദേഹം കണക്കുകൾ സഹിതം വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടെന്നും, സംസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം അവർക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
