പ്രശസ്ത മോഹൻലാലുമായുള്ള അഭിമുഖത്തിൽ തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. തന്റെ വീട്ടിലെ പതിനാലാമത്തെ കുട്ടിയാണ് താനെന്നും എന്നാൽ തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

അച്ഛനും അമ്മയും ഈശ്വരവിശ്വാസമുള്ള ആളുകൾ ആയിരുന്നോ എന്ന ചോദ്യത്തിന്, ഈശ്വര വിശ്വാസം മാത്രമല്ല, അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഭൂതപ്രേത കാര്യങ്ങളിലെല്ലാം വിശ്വാസം ഉണ്ടായിരുന്ന ആളുകളായിരുന്നു എന്നായിരുന്നു പിണറയായിയുടെ മറുപടി.

അച്ഛനേക്കാൾ കൂടുതൽ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളിൽ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അതേസമയം അമ്മ (കല്യാണി) ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ.' തന്റെ ഏറെ പ്രിയപ്പെട്ട ആഴത്തിലുള്ള ബന്ധവും അദ്ദേഹം പങ്കുവയ്ക്കാതിരുന്നില്ല.

അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.