കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടയ്ക്കാൻ കോൺഗ്രസ് നേതൃത്വവും ബിജെപിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി മന്ത്രി എം ബി രാജേഷ് രംഗത്ത്. ദില്ലിയിൽ കെജ്രിവാളിനെയും സിസോദിയയെയും ജയിലിലടച്ച് ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് സമാനമായ ‘തിരക്കഥ’ കേരളത്തിലും നടപ്പാക്കാനായിരുന്നു നീക്കമെന്ന് മന്ത്രി ആരോപിച്ചു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ ഡി, സിബിഐ എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ജയിലിലടയ്ക്കാനും ഇടതുപക്ഷത്തെ അഴിമതിക്കാരായി ചിത്രീകരിക്കാനും ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ഇടതുപക്ഷത്തിനെതിരെ ജനവികാരം സൃഷ്ടിച്ച് അധികാരത്തിൽ തിരിച്ചെത്താമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടലെന്നും മന്ത്രി ആരോപിച്ചു.
ദില്ലിയിലേതുപോലെ കേന്ദ്ര ഏജൻസികളുടെ നടപടികൾക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കുറച്ച് സീറ്റുകൾ നേടി സ്വാധീനമുറപ്പിക്കുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നും, താൽക്കാലികമായി കോൺഗ്രസ് അധികാരത്തിലെത്തിയാലും പിന്നീട് അവരെ അട്ടിമറിച്ചോ വിലയ്ക്കെടുത്തോ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലായിരുന്നു ഉണ്ടായിരുന്നതെന്നും മന്ത്രി ആരോപിച്ചു.
35 സീറ്റുകൾ ലഭിച്ചാൽ കേരളം ഭരിക്കാമെന്ന അന്നത്തെ ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ധാരണയുടെ ഭാഗമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദില്ലിയിൽ കേജ്രിവാളിനെതിരായ കേസ് കള്ളക്കേസാണെന്ന് പറഞ്ഞ് ഇന്ത്യ ബ്ലോക്കിലെ മറ്റു പാർട്ടികൾ ബിജെപിക്കെതിരെ രംഗത്തെത്തിയപ്പോഴും കോൺഗ്രസ് മൗനം പാലിച്ചതിനെ അദ്ദേഹം ‘അന്തർധാര’യുടെ തെളിവായി വിശേഷിപ്പിച്ചു.
ദില്ലിയിൽ ഈ നീക്കം ഭാഗികമായി വിജയിച്ചെങ്കിലും കേരളത്തിൽ പരാജയപ്പെട്ടുവെന്നും, കേരളത്തിലെ ഇടതുപക്ഷത്തെ ദില്ലിയിലേതുപോലെ എളുപ്പത്തിൽ ജയിലിലടയ്ക്കാൻ കഴിയില്ലെന്ന് അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും മനസ്സിലായെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.
