ഇറാനെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തെയും ഇസ്രായേലിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ ‘ലോക തെമ്മാടി രാഷ്ട്രം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ലോകത്തിന്റെ സമാധാനം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യേഷ്യയിലെ സംഘർഷം ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളി കുടുംബങ്ങളെ കടുത്ത ഉത്കണ്ഠയിലാഴ്ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗൾഫ് രാഷ്ട്രങ്ങളിലടക്കം ആക്രമണം പടരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. ആയുധവും സമ്പത്തും ഉണ്ടെന്ന കാരണത്താൽ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ കടന്നുകയറുന്ന അമേരിക്കയുടേത് ഭ്രാന്തമായ നടപടികളാണെന്നും, ലോകരാജ്യങ്ങൾ പാലിക്കേണ്ട മിനിമം മര്യാദകൾ പോലും ഇവിടെ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഭീകരമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയെയും കുടുംബത്തെയും വേട്ടയാടി കൊലപ്പെടുത്തുന്നത് ലോകം കണ്ടിട്ടില്ലാത്ത ക്രൂരതയാണ്. ഒരു രാജ്യത്തിനകത്ത് കടന്ന് അവിടുത്തെ ഭരണാധികാരിയെയും കുടുംബത്തെയും കസ്റ്റഡിയിലെടുക്കുന്നതും വധിക്കുന്നതും സാധാരണ തെമ്മാടികൾ സ്വീകരിക്കുന്ന നിലപാടാണെന്നും അത് ജനാധിപത്യ ലോകത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധഭീതി മൂലം ലോകം മുഴുവൻ നടുക്കത്തിലാണെന്നും ഗൾഫ് നാടുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾ വലിയ അരക്ഷിതാവസ്ഥയിലാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ലോകത്തിന് മുന്നിൽ കൃത്യമായ വസ്തുതകൾ നിരത്താൻ കഴിയാതെയാണ് ഇറാനെതിരെ ഈ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ഇത്തരം സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ഓരോ മലയാളിയും മനുഷ്യസ്നേഹിയും ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
