കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ ഉണ്ടായ കെ.എസ്.യു പ്രതിഷേധം കേവലം ഒരു കരിങ്കൊടി കാണിക്കൽ ആയിരുന്നില്ലെന്നും, മറിച്ച് തന്നെ ശാരീരികമായി ഉപദ്രവിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി സംഭവത്തിന്റെ നടുക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

സംഭവത്തെക്കുറിച്ച് മന്ത്രി പറയുന്നത് ഇങ്ങനെ:

വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായത്. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന സമയത്ത് ഒളിച്ചിരുന്ന മൂന്ന് നാല് പേർ മുദ്രാവാക്യം വിളികളോടെ തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. “ഒളിച്ചിരുന്ന് ഇരയെ കാണുമ്പോൾ പുലി ചാടിവീഴുന്നതുപോലെയാണ് അവർ എനിക്ക് നേരെ വന്നത്” എന്ന് മന്ത്രി പറഞ്ഞു.

പോലീസിന്റെ ശ്രദ്ധ തിരിക്കാനായി ഒരാൾ കരിങ്കൊടിയുമായി വരികയും, ആ സമയം കൊണ്ട് മറ്റൊരാൾ പോലീസ് വലയം ഭേദിച്ച് തന്റെ തൊട്ടടുത്തേക്ക് എത്തിയെന്നും മന്ത്രി ആരോപിച്ചു. ഈ തള്ളിക്കയറ്റത്തിനിടയിൽ തനിക്ക് ശാരീരികമായി വേദനയുണ്ടായെന്നും, ഇത് ഒരു ‘ഫിസിക്കൽ അസോൾട്ട്’ ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. “എനിക്ക് ജീവിക്കണ്ടേ, എനിക്ക് ഇതുവഴി നടക്കണ്ടേ” എന്ന് വളരെ വൈകാരികമായാണ് താൻ അപ്പോൾ പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.