മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം വടകരയെ പ്രതിനിധീകരിച്ച പാർലമെന്റ് അംഗവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ വിയോഗം കേരളീയ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, പത്രപ്രവർത്തന രംഗത്തുനിന്നാണ് പൊതുരംഗത്തേക്ക് എത്തിയത്.
1971 മുതൽ കാൽനൂറ്റാണ്ടുകാലം വടകരയുടെ ശബ്ദമായി ലോക്സഭയിലുണ്ടായിരുന്ന അദ്ദേഹം, വി.പി. സിംഗ് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി എന്ന നിലയിൽ മികച്ച ഭരണാധികാരിയാണെന്ന് തെളിയിച്ചു. ബോഫോഴ്സ് ഉൾപ്പെടെയുള്ള വലിയ അഴിമതികൾക്കെതിരെ പാർലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയ ധീരമായ പോരാട്ടങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളോട് കെ.പി. ഉണ്ണികൃഷ്ണൻ പുലർത്തിയിരുന്ന കരുതൽ മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. 1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാനാവാത്തതാണ്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽപ്പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് സദ്ദാം ഹുസൈനെ നേരിൽ കണ്ട് ഇന്ത്യക്കാരുടെ മടക്കയാത്ര വേഗത്തിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. നെഹ്റുവിയൻ മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹം, കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ കേരളത്തിന്റെ വികസന താൽപ്പര്യങ്ങൾക്കായി എപ്പോഴും മുൻതൂക്കം നൽകിയിരുന്നു.
വർഗീയ രാഷ്ട്രീയത്തോടും തീവ്ര ഹിന്ദുത്വ നിലപാടുകളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഉണ്ണികൃഷ്ണൻ സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഇതിന്റെ പേരിൽ 1991-ൽ വടകരയിൽ കോലീബി സഖ്യം അദ്ദേഹത്തിനെതിരെ പൊതുസ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും, വടകരയിലെ ജനങ്ങൾ എൽഡിഎഫ് പ്രതിനിധിയായ ഉണ്ണികൃഷ്ണനൊപ്പം തന്നെ ഉറച്ചുനിന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നിലപാടുകൾ സ്വീകരിച്ചിരുന്ന മലയാളിയായിരുന്നു അദ്ദേഹമെന്നും, ജനാധിപത്യ-മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തിയ ആ വലിയ വ്യക്തിത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ കുറിച്ചു.
