ദേശീയപാത ഉദ്ഘാടന വിവാദത്തിൽ ബിജെപിയെ വിമർശിച്ച് ഡിവൈഎഫ്ഐ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കണമെന്ന് പറയുന്നത് കേന്ദ്ര ഗവൺമെന്റിന്റെ ഔദാര്യമല്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ അവകാശത്തെ കേന്ദ്രം അട്ടിമറിച്ചു. ഇത് നരേന്ദ്രമോദിയുടെ കുടുംബ വകയല്ല. സുരേഷിന് അച്ചാരം കിട്ടിയ പണമല്ല. റോഡും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമ്പോൾ രാജീവ് ചന്ദ്രശേഖറിനെ അല്ല അവിടെ കയറ്റി ഇരുത്തേണ്ടതെന്നും ഷിജു ഖാൻ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ റോഡിനായി പണം നീക്കി വയ്ക്കുമ്പോൾ അത് മോദിയുടെ അമ്മായിയപ്പന്റെ വകയാണോ എന്ന് ഒരു ചോദ്യം ചോദിച്ചാലോ? താങ്കളുടെ തറവാട്ട് വകയിൽ നിന്നാണോ ഈ പണം എന്ന് ഞങ്ങൾ ചോദിച്ചാലോ? ബിജെപി നേതാവ് എസ് സുരേഷ് മുഹമ്മദ് റിയാസിനെ അപമാനിച്ചു. അമ്മായിഅപ്പനോട് പോയി പറയാൻ പറഞ്ഞു. സുരേഷിന്റെ അമ്മായിയപ്പന്റെ പണമാണോ റോഡിനായി ചെലവഴിച്ചത് എന്ന് ചോദിക്കുന്നില്ല.

ദേശീയപാത തലപ്പാടി-രാമനാട്ടുകര സ്ട്രെച്ചിന്റെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ നിന്നാണ് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെയും പരിപാടിൽ ഉൾപ്പെടുത്തിയിരുന്നു.