തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എതിരാളികൾ നേരും നെറിയും ഉപേക്ഷിക്കുന്നുവെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരായ വഴിയിൽ എൽഡിഎഫിനെ എതിർക്കാൻ പ്രയാസമുണ്ട്. അതുകൊണ്ടാണ് തെറ്റായ കാര്യങ്ങൾ വക്രീകരിച്ച് അവതരിപ്പിക്കുന്നതെന്നും അത് ഗൗരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ധർമടത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നുണകൾ ആളുകൾക്കിടയിൽ പ്രചരിപ്പിക്കുന്നു. പരസ്യമായി പറയുന്നില്ല. വീടുകളിൽ ചെന്ന് ആളുകളുടെ അടുത്ത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. ഗീബൽസിനെയും കടത്തി വെട്ടുന്ന രീതിയിൽ ആണ് കേരളത്തിൽ നമ്മുടെ രാഷ്ട്രീയ എതിരാളികൾ പ്രവർത്തിക്കുന്നത്. യഥാർഥ കര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്ന വരെയേ അവരെ തെറ്റിദ്ധരിപ്പിക്കാൻ പറ്റൂ. അതാണ് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടത്. ശരിയായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം", പിണറായി വിജയൻ്റെ വാക്കുകൾ.
എസ്ഐആർ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന ആശങ്ക പൊതുവെ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായ സമീപനമാണ് വിഷയത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അത് കൊണ്ട് ഈ സർക്കാരിനെ ഇതിൻ്റെ പേരിൽ കുറ്റപ്പെടുത്തും എന്ന് ആർക്കും പ്രതീക്ഷിക്കാൻ കഴിയില്ല. പക്ഷെ നുണ ചമയ്ക്കുന്നവർക്ക് വസ്തുത പറയാൻ അല്ല താൽപ്പര്യം. അവർ ചില വീടുകൾ കേന്ദ്രീകരിച്ച് പറഞ്ഞത് എസ്ഐആർ കൊണ്ട് വന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണെന്നാണ്. അത് ന്യൂനപക്ഷങ്ങളെ ഇവിടെ നിന്ന് കയറ്റി അയക്കാനാണെന്നും പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർത്തത് ഇടത് പക്ഷമാണ്. വിട്ട് വീഴ്ചയില്ലാതെ എതിർത്തു. ആ നിയമം ഇവിടെ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച രാജ്യത്തെ ഒരേ ഒരു സംസ്ഥാന കേരളമാണ്. എങ്ങനെ ഇത് നടപ്പാകില്ലെന്ന് പറയും എന്ന് ചിലർ ചോദിച്ചു. ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞാൽ ഇല്ലെന്ന് തന്നെയാണ് എന്ന് തല ഉയർത്തി പറയാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ നിലപാട് എടുത്ത സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ ആർക്കെങ്കിലും കഴിയുമോ? പക്ഷേ സങ്കുചിതമായ താൽപ്പര്യത്തിന് വേണ്ടി കളവായ പ്രചരണം നടത്തിയെന്നും മുഖ്യമന്ത്രി ധർമടത്ത് പറഞ്ഞു.
