കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയാണ് പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. പത്ത് വർഷമായി മണ്ഡലത്തിൽ വികസനമൊന്നും നടത്തിയില്ലെന്നും വാക്ചാതുരിയും ശരീര അഴകും വിൽപനയ്ക്ക് വെച്ചാണ് പ്രതിഭ വീണ്ടും വോട്ട് ചോദിക്കുന്നതെന്നുമായിരുന്നു നേതാവിന്റെ വിവാദ പരാമർശം. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിടെയായിരുന്നു ഈ അധിക്ഷേപം.

ലീഗ് നേതാവിന്റെ വാക്കുകൾ കേട്ട് വിതുമ്പിക്കൊണ്ടാണ് യു. പ്രതിഭ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെയും കുടുംബത്തെയും വ്യക്തിപരമായി അപമാനിച്ച് രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിപ്പിക്കാമെന്നാണ് ഇത്തരം നീചശക്തികൾ കരുതുന്നതെന്ന് അവർ പറഞ്ഞു. സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രതിലോമ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന തലമുറയ്ക്ക് വലിയ വിഷമമുണ്ടാക്കും. സ്ത്രീകളെ ഡീമോറലൈസ് ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാൽ കായംകുളം തന്നെ ഹൃദയത്തിലേറ്റിയതാണെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൽഡിഎഫ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ലീഗ് നേതാവിന്റേത് വെറുമൊരു പരാമർശമല്ലെന്നും മറിച്ച് ഗുരുതരമായ കുറ്റകൃത്യവുമാണെന്നും നേതാക്കൾ ആരോപിച്ചു. കേവലം മാപ്പ് അപേക്ഷിച്ച് ഇതിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എൽഡിഎഫ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലടക്കം ഈ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.