തനിക്കെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനകൾ വെറും നുണപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. സതീശന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും ആരാണ് യഥാർത്ഥത്തിൽ ആർഎസ്എസുമായി ബന്ധം പുലർത്തുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇഎംഎസിനെ തോൽപ്പിക്കാൻ കോൺഗ്രസ് ജനസംഘവുമായി കൈകോർത്ത ചരിത്രം വിസ്മരിക്കരുത് എന്നുെ അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിതയുടെ വിദ്വേഷ പരാമർശങ്ങൾക്കെതിരെയും മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചു. നാടിനെ മതവിദ്വേഷത്തിലേക്ക് തള്ളിയിടാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ ജയിക്കാൻ കഴിയൂ എന്ന് കരുതുന്നത് തെറ്റാണ്.
മതനിരപേക്ഷതയുടെ വിളനിലമായ ഗുരുവായൂരിലെ ജനങ്ങളെ ഇത്തരം പ്രസ്താവനകൾ കൊണ്ട് സ്വാധീനിക്കാൻ കഴിയില്ലെന്നും, അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം നീക്കങ്ങൾ ഏശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിച്ചു. അഞ്ച് ലക്ഷം ‘ലൈഫ്’ വീടുകൾ പൂർത്തിയാക്കിയതായും ഇതിനായി 19,000 കോടി രൂപ സർക്കാർ ചെലവിട്ടതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിഹിതം കേവലം 2,300 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലെ കോൺഗ്രസിന്റെ വീട് നിർമ്മാണ പദ്ധതിയെ പരിഹസിച്ച മുഖ്യമന്ത്രി, നൽകിയ വാക്ക് പാലിക്കുക എന്നത് എൽഡിഎഫിന് നിർബന്ധമാണെന്നും എന്നാൽ യുഡിഎഫിന് അതിൽ താല്പര്യമില്ലെന്നും വിമർശിച്ചു.
