കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി സരിൻ. മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ കരുണാകരന് സ്മാരകം പണിയാൻ നാല് തവണയായി 50 കോടിയിലേറെ രൂപ കോൺഗ്രസ് പാർട്ടി പിരിച്ചിട്ടുണ്ട്. LDF സർക്കാരിൽ നിന്ന് 37 സെൻ്റ് സ്ഥലവും കിട്ടി. എന്നാൽ 16 വർഷമായി ഒരു ഇഷ്ടിക കഷ്ണം പോലും അവിടെയില്ലെന്ന് സരിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

കോൺഗ്രസിലെ ഫണ്ട് മുക്കൽ ചരിത്രം - പാർട്ട് - 2 എന്ന തലക്കെട്ടിൽ മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പും സരിൻ ഇട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് പണിയുന്നതിന് വേണ്ടി കെട്ടിട നിർമ്മാണ ഫണ്ട് എത്ര തവണ സ്വരൂപിച്ചു എന്ന് യൂത്ത് കോൺഗ്രസുകാർക്ക് തന്നെ വലിയ തിട്ടമില്ല എന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്.

ആക്രി പെറുക്കി വിറ്റ് ഫണ്ട് നൽകിയ സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തൂക്കി വിറ്റ നേതാക്കളെ പറ്റി അറിയാം. ഇതേ സംസ്ഥാന കമ്മിറ്റി ഓഫീസിനായി പലതവണ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നൽകിയ കോടികളും ഇപ്പോൾ സ്വാഹ !. വിസ്മയമായ ലീഗിന് ശേഷം, അഖിലേന്ത്യാ കമ്മിറ്റിയെ വരെ പറ്റിച്ച് പുട്ടടിച്ച് ജീവിക്കുന്ന സംസ്ഥാന ഘടകമുള്ള പാർട്ടിയായി കോൺഗ്രസും മാറിയെന്നും സരിൻ അഭിപ്രായപ്പെടുന്നു.