പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലും കുടില്‍ കെട്ടി സമരം നടത്തി ഡിവൈഎഫ്‌ഐ. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മ്മിക്കാമെന്ന പേരില്‍ കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്ന് ചോദ്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ കുടില്‍ കെട്ടി സമരം നടത്തിയത്.

'യൂത്ത് കോണ്‍ഗ്രസിന്റെ വയനാട്ടിലെ 30 വീടെവിടെ' എന്ന പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിനായി ഡിവൈഎഫ്‌ഐ പണം കൈമാറിയെങ്കിലും സമാനമായ വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ് പണം നല്‍കാന്‍ തയ്യാറായില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

തന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടില്‍ പണം ഉണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ്. അങ്ങനെ ഒരു അക്കൗണ്ട് അവര്‍ക്കുണ്ടോയെന്ന് വസീഫ് ചോദിച്ചു. പൊതു സമൂഹത്തെ വി ഡി സതീശന്‍ പറഞ്ഞ് കബളിപ്പിച്ചു. കുടില്‍ കെട്ടാന്‍ വന്നാല്‍ അടിച്ചിറക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എത്രയൊക്കെ അടിച്ചിറക്കിയാലും പറയാനുള്ളത് പറയുമെന്നും വസീഫ് വ്യക്തമാക്കി.


പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി ആരോപണത്തിലും വസീഫ് പ്രതികരിച്ചു. പുനര്‍ജനി വന്‍ തട്ടിപ്പാണെന്ന് വസീഫ് പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്ന് പൈസ വാങ്ങി ചിലരെ സഹായിച്ചു. മാഫിയകളുമായി സഹകരിച്ചുള്ള ഡീല്‍ ആണ് ഇതെന്ന് സാധാരണക്കാര്‍ സംശയിക്കുന്നു. ഇപ്പോള്‍ ഡീല്‍ ആണല്ലോ അവര്‍ക്ക് എല്ലാം. അല്‍പമെങ്കിലും ധൈര്യം ഉണ്ടെങ്കില്‍ പുനര്‍ജനിക്ക് വേണ്ടി താന്‍ പിരിച്ചത് ഇത്ര പണം എന്ന് അദ്ദേഹം പറയണം. വിദേശത്തുനിന്ന് എത്ര പണം കിട്ടി എന്ന് അദ്ദേഹം വിശദമാക്കണം. പിആര്‍ വര്‍ക്കിന് വേണ്ടി എത്ര തുക ചെലവാക്കിയെന്ന് അദ്ദേഹം പറയണമെന്നും വസീഫ് കൂട്ടിച്ചേര്‍ത്തു.