പയ്യന്നൂരിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിൽ പ്രതികരണവുമായി സിപിഐഎം പയ്യന്നൂർ മണ്ഡലം കമ്മിറ്റി. പരാജയ ഭീതിയിൽ നിന്നും ഉണ്ടായ ആരോപണമാണ് ഇതെന്നാണ് സിപിഐഎമ്മിന്റെ പ്രസ്താവന.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായത്തോടെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പയ്യന്നൂരിൽ സ്വന്തം പാർട്ടിയിൽ നിന്നും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐഡി നിർമാണമെന്നും പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും പേരാമ്പ്രയിൽ സിപിഐഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ വ്യാജ കാർഡ് നിർമാണം സിപിഐഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതികരിച്ചിരുന്നു. അതേസമയം വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ടുനേടേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞിട്ടുണ്ട്.
