തെലങ്കാനയിൽ കഴിഞ്ഞ മാസത്തെ ശമ്പളം പോലും നൽകാൻ കഴിയാത്തവർ കേരളത്തിൽ വന്ന് കോൺഗ്രസിന് വേണ്ടി വോട്ട് തേടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് വിമർശിച്ചു. രണ്ട് വർഷമായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പെൻഷനും ശമ്പളവും മുടക്കാനാണോ വോട്ട് നൽകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ യുഡിഎഫും എൻഡിഎയും ചർച്ച ചെയ്യുന്നതില്ലെന്നും, പകരം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.
എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാൻ പോലും പ്രതിപക്ഷങ്ങൾക്ക് ഭയമാണെന്നും, മലയാളികളുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികളാണ് എൽഡിഎഫ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പി.എസ്.സി വഴി നിയമനം ലഭിക്കുന്നവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമന നിരോധനം, സ്കൂളുകൾ അടയ്ക്കൽ, പെൻഷൻ മുടക്കം തുടങ്ങിയ സാഹചര്യം ഉണ്ടാകുമെന്ന് എം. സ്വരാജ് ആരോപിച്ചു.
