നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പി. രാജീവ് രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻ വിജയം നേടുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ അവർ മുൻകൂട്ടി സ്റ്റാഫ് വരെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും, സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രചാരണ രംഗത്തും സർക്കാരിനെതിരായ പ്രതികൂല തരംഗം ദൃശ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളുടെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചതായും, യു.ഡി.എഫ് വിശ്വസനീയമായ സംവിധാനം അല്ലെന്നും പി. രാജീവ് ആരോപിച്ചു. വയനാട് ഫണ്ട് തട്ടിപ്പ് സംഭവം അതിന് ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ എങ്കിലും കോൺഗ്രസ് ഈ വിഷയത്തിൽ കണക്ക് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ഉള്ളപ്പോൾ കോടതിയലക്ഷ്യം ആരോപിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് ചോദിച്ച അദ്ദേഹം, എക്സിക്യൂട്ടീവിന്റെ പരിധിയിൽ കോടതിക്ക് ഇടപെടാനാകുമോ എന്നും വിമർശിച്ചു.