ശോഭാ സുരേന്ദ്രനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിന്ദു വിനയകുമാര്‍. തന്റെ പരാതി സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശോഭയെ നേതൃത്വത്തിന് ഭയമാണെന്നും ബിന്ദു പറഞ്ഞു. ശോഭയ്‌ക്കൊപ്പം നടന്ന ഫോട്ടോ ഗ്രാഫര്‍ ജസ്റ്റിന്റെ മരണം അന്വേഷിക്കണം. ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നും അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബിന്ദു പറഞ്ഞു.
'ഈ മാസം തന്നെ ശോഭയ്‌ക്കെതിരായി രാജീവ് ചന്ദ്രശേഖറിന് മൂന്ന് പരാതികള്‍ അയച്ചിട്ടുണ്ട്. എസ് സുരേഷിനും സംസ്ഥാന വൈസ് പ്രസിഡന്റ് സോമനും പരാതി അയച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ യാതൊരു വിധ അന്വേഷണവും നടപടിയും ഉണ്ടായിട്ടില്ല. അസഭ്യവും അനാവശ്യവും പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ഭയക്കുന്നു. ശോഭയുടെ തീവ്രവാദ ബന്ധം നേതൃത്വത്തിന് അറിയാം. ശോഭയോടൊപ്പം സമരപ്പന്തലില്‍ ഉണ്ടായിരുന്ന ഫോട്ടോ ഗ്രാഫര്‍ക്ക് എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ ദൂരൂഹമരണം അന്വേഷിക്കണം'.
വോട്ടിന് പണം കൊടുക്കുന്നത് ശോഭയുടെ സ്ഥിരം പ്രവണതയാണ്. താന്‍ മറ്റൊരു പാര്‍ട്ടിയില്‍ പോകില്ലെന്നും ബിജെപിക്കാരായി തുടരുമെന്നും ബിന്ദു വിനയകുമാര്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെതിരെ, തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണു വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് അറിയിച്ചു. ശോഭയുടെ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണു ബിന്ദു പൊലീസില്‍ പരാതി നല്‍കിയത്.
