വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് തള്ളിയിടപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനുള്ള സാധ്യത പരിശോധിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷം സഹായം നല്‍കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മദ്യപിച്ച സഹയാത്രികന്‍ ശ്രീക്കുട്ടിയെ തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം ചികിത്സയില്‍ തുടരുകയും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ശ്രീക്കുട്ടി ആരോപിച്ചിരുന്നു. ചികിത്സയ്ക്കായി വലിയ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നതായും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, സംഭവം ശ്രദ്ധയില്‍പെട്ടതോടെ പൊതുമേഖലാ സ്ഥാപനമായ ഔഷധി തുടര്‍ചികിത്സ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. ശ്രീക്കുട്ടിയെ തൃശൂരിലെ ഔഷധി ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ ചികിത്സയും പിന്തുണയും നല്‍കുമെന്ന് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് അറിയിച്ചു.