കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സണ്ണി ജോസഫിനെ മാറ്റാൻ ഹൈക്കമാൻ്റ് നീക്കം. സണ്ണി ജോസഫിന് ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലങ്ങളിൽ വിതരണം ചെയ്യുന്നതിൽ കെപിസിസിക്ക് വീഴ്ചയുണ്ടായതായി ഹൈക്കമാൻ്റ് നിരീക്ഷിച്ചു.കൂടാതെ, വയനാട് ദുരിതാശ്വാസ വിഷയത്തിൽ അനവസരത്തിൽ പ്രസ്താവന നടത്തിയതായും ഹൈക്കമാൻ്റ് വിലയിരുത്തി.

വയനാട് ഫണ്ട് സംബന്ധിച്ച വിവരം അനവസരത്തിൽ പുറത്തു വിട്ടത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയതായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച വിഷയത്തിലും പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഫണ്ട് എത്തിച്ചതെന്ന ആരോപണവും ഉയർന്ന് വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി ഓഫീസിൽ ഒരു ദിവസം പോലും സണ്ണി ജോസഫിൻ്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും കെപിസിസി ഓഫീസ് നാഥനില്ലാ കളരിയായി മാറിയെന്ന ആരോപണവും സണ്ണി ജോസഫിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് ശേഷം നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.