ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയിൽ പാചകവാതക ക്ഷാമം അതീവ രൂക്ഷമാകുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വീടുകളിലെ രണ്ടാം സിലിണ്ടർ ബുക്കിംഗുകൾക്ക് എണ്ണക്കമ്പനികൾ അനൗദ്യോഗികമായി നിരോധനം ഏർപ്പെടുത്തി.

പുതിയ പാചകവാതക കണക്ഷനുകൾ നൽകുന്നതും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് പരമാവധി ആളുകൾക്ക് സിലിണ്ടറുകൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.പല നഗരങ്ങളിലും സിലിണ്ടറുകൾക്കായി കിലോമീറ്ററുകൾ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

ഓർഡർ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ വീടുകളിൽ എത്തുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഗാർഹിക ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കൊമേഴ്‌സ്യൽ സിലിണ്ടറുകളുടെ വിതരണത്തിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും കടുത്ത പ്രതിസന്ധിയിലായി. പലയിടങ്ങളിലും ഭക്ഷണവില കുത്തനെ വർദ്ധിക്കാൻ ഇത് കാരണമായി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണത്തിന് കീഴിൽ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇറക്കുമതി പുനസ്ഥാപിക്കാൻ സമയമെടുക്കും. ഇന്ത്യയിലേക്ക് എത്തുന്ന എൽപിജി ഇറക്കുമതിയുടെ 60 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. ഈ പാതയിലെ തടസ്സം നീങ്ങാതെ വിതരണം സാധാരണ നിലയിലാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.