2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ആരാവണമെന്നതടക്കം യുഡിഎഫ് മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ ഫലം വന്നപ്പോൾ പുതിയ ചരിത്രം രചിച്ച് എൽഡിഎഫ് അധികാരത്തിലെത്തിയെന്നും എം സ്വരാജ് . ഭാസ്കര കുമ്പള അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് രണ്ടര വർഷം ഉമ്മൻ ചാണ്ടിയും ശേഷിക്കുന്ന കാലം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകണമെന്നായിരുന്നു യുഡിഎഫിന്റെ തീരുമാനം എന്നും അദ്ദേഹം ആരോപിച്ചു. 2021ലെ പോലെ ആത്മവിശ്വാസം ഇപ്പോൾ കോൺഗ്രസിന് ഇല്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
ഐക്യ കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷ ഭരണതുടർച്ചയുടെ പുതിയ അധ്യായം ഇത്തവണയും രചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ മുടങ്ങണം, സ്കൂളുകൾ അടയ്ക്കണം, പാഠപുസ്തക വിതരണം വൈകണം, പവർകട്ട് ഉണ്ടാകണം എന്നൊന്നും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, അത്തരത്തിൽ ഇടതുപക്ഷത്തിന് പുറമെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യമുണ്ടെന്നും, കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ പുരോഗതി തടസ്സപ്പെടുമെന്നും സ്വരാജ് ആരോപിച്ചു. കേരളത്തിൽ ബിജെപി ഈ ആയുസ്സിന്റെ കാലത്തിൽ അധികാരത്തിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിനെയും മറ്റേ കൈ ജമാഅത്തെ ഇസ്ലാമിയെയും ആശ്രയിക്കുന്നുവെന്നാരോപിച്ചും സ്വരാജ് വിമർശനം ഉന്നയിച്ചു.
