പശ്ചിമ ബംഗാളിൽ ഇത്തവണ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു. ബിജെപിയും തൃണമൂലും തമ്മിലാണ് പ്രധാന മത്സരം എന്ന ചിത്രം ചില കോർപറേറ്റ് മാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ജനങ്ങളുടെ പ്രതികരണം അതിനെ മറികടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ റാലികളിലേക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്നും അത് അവഗണിക്കാൻ ആരും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂലിന്റെ അക്രമവും അഴിമതിയും നിറഞ്ഞ രാഷ്ട്രീയത്തിന് ബദൽ ബിജെപി അല്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇരു പാർട്ടികളും വർഗീയത പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരത്തിലുള്ള സാഹചര്യത്തിൽ ബദൽ രാഷ്ട്രീയ ശക്തിയായി നിലകൊള്ളാൻ കഴിയുന്നത് ഇടതുപക്ഷത്തിനേ ഉള്ളുവെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണകാലത്ത് വ്യാപകമായി സ്കൂളുകൾ അടച്ചുപൂട്ടിയെന്നും, ഏകദേശം 8000 സർക്കാർ സ്കൂളുകൾ അടച്ചതായും അദ്ദേഹം ആരോപിച്ചു.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയിലൂടെ ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും എം.എ. ബേബി വിമർശിച്ചു.